ലണ്ടന്‍: വനിതാ ടി20 ലോകകപ്പില്‍ സെമി കാണാതെ ഇന്ത്യ പുറത്ത്. നിര്‍ണായകമായ മത്സരത്തില്‍ ഓസ്ട്രേലിയായോട് ആറ് വിക്കറ്റിന് പരാജയപ്പെട്ടാണ് ഇന്ത്യ പുറത്തായത്. സെമി ഫൈനലില്‍ ഇടം നേടണമെങ്കില്‍ ഇന്ത്യക്ക് ജയം അനിവാര്യമായിരുന്നു.
സ്കോർ: ഇന്ത്യ 170/4 ഓസ്ട്രേലിയ 172/4 (19). ലോര്‍ഡ്സില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഓസ്ട്രേലി 19 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ ഗ്രൂപ്പ് എയില്‍ ഓസീസിനൊപ്പം ദക്ഷിണാഫ്രിക്കയും സെമിയില്‍ കടന്നു.
എല്ലിസ് പെറി (38 പന്തില്‍ 56), അഷ്ലി ഗാര്‍ഡ്നര്‍ (29 പന്തില്‍ 53) എന്നിവരുടെ ഇന്നിംഗ്സാണ് ഓസീസിന് ജയമൊരുക്കിയത്. ഒരു ഘട്ടത്തിൽ പത്ത് ഓവറില്‍ മൂന്നിന് 68 എന്ന നിലയിൽ ഓസീസ് പരാജയം മുന്നിൽ കണ്ടിരുന്നു. എന്നാല്‍ പെറി - ഗാര്‍ഡ്നര്‍ സഖ്യത്തിന്റെ 100 റണ്‍സ് കൂട്ടുകെട്ട് അവരെ വിജയത്തിലേക്ക് നയിച്ചു.
56 റണ്‍സ് നേടിയ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത് സ്മൃതി മന്ദാന (38), ഷഫാലി വര്‍മ (34), ജമീമ റോഡ്രിഗസ് (34) എന്നിവരും തിളങ്ങി.